അങ്ങനെ ഞാനൊരു പണ്ടാരിയായി..
കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു. അവിടെയുള്ള കഫറ്റീരിയയില്‍നിന്നും ചായയും സാന്‍റ്-വിച്ചും കഴിച്ച് സന്തതസഹചാരിയായ ബാഗും കെട്ടിപ്പിടിച്ച് സിമന്റ്ബെഞ്ചിലമര്‍ന്നിരുന്ന് ഒരു സിഗരറ്റ്കൊണ്ട് തലച്ചോറിനുള്ളിലെ ചിന്തകളെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
റാസല്‍ഖൈമയില്‍ സ്വന്തമായി ബിസിനസ്സ്സ്ഥാപനങ്ങളുള്ള അമ്മാവനോട് ദുബായിലൊരോഫീസില്‍ ജോലി ശെരിയായെന്ന കള്ളവും പറഞ്ഞാണ് ഉസ്മാനിക്കയെ സഹായിക്കാന്‍ തള്ളയുടെ വീട്ടിലെത്തിയത്. അതുകൊണ്ടുതന്നെ തിരിച്ചങ്ങോട്ട് പോകുന്നത് നാണക്കേടാണ്. ദുബായിലും അബുദാബിയിലുമുള്ള പരിചയക്കാര്‍ക്കിടയിലേക്ക് പോകാനും മൈന്‍ഡനുവദിക്കുന്നില്ല.
'ഇനിയെന്ത്' എന്ന വലിയൊരു ചോദ്യം എനിക്കുള്ളില്‍ ചിതറിത്തെറിക്കാന്‍ തുടങ്ങി. സിഗരെറ്റുകള്‍ ഒന്നിനുപിറകെ മറ്റൊന്നായി തലയ്ക്കകത്ത് കത്തികൊണ്ടിരുന്നു. ഒന്നുകില്‍ ആത്മഹത്യ! അല്ലെങ്കില്‍ ജീവിതത്തോട് പൊരുതുക. എന്തുവേണമെന്ന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്ക്മാത്രമാണ്. ജീവിതത്തിലാദ്യമായി സ്വന്തമായൊരു തീരുമാനമെടുക്കാനവസരം തന്ന My God, ഇരിക്കട്ടെ നിനക്കൊരു Thanks!
എന്നിട്ട് ഞാനിരുന്ന് ചിന്തിക്കാന്‍ തുടങ്ങി. ഗാഡമായും ഗൂഡമായും ചിന്തിച്ചു. ആകാശം നോക്കിയും ഭൂമിയിലൂടെ നടന്നും ചിന്തിച്ചു! ചിരിച്ചും ചുമച്ചും ചിന്തിച്ചു. ഒടുവില്‍ , 'ആണത്തമുണ്ടെങ്കില്‍ പോയിച്ചാവടാ..' എന്നാരോ തലയുടെ ഇടതുഭാഗത്തുനിന്നും വിളിച്ചു പറയുന്നതായി എനിക്ക് തോന്നി. ഇനി വൈകരുത്. മരിക്കുക തന്നെ.! പക്ഷെ എങ്ങനെ.?
എനിക്ക് ചാടിച്ചാകാന്‍ പറ്റിയ കെട്ടിടങ്ങളൊന്നും ആ പരിസരത്തുണ്ടായിരുന്നില്ല. റയില്‍പാളമില്ല. റയില്‍വേസ്റ്റേഷനില്ല. കിണറില്ല. കീടനാശിനിയില്ല. കയറോ കയര്‍ ഫാക്ട്ടറിയോ ഇല്ല. തൂങ്ങാനുള്ള മരമില്ല. മാവില്ല. പ്ലാവില്ല. ഒരു തെങ്ങ്പോലുമില്ല.! ഉള്ളത് ഈന്തമരമാണ്. ഹും. ഒരു ശിഖരംപോലുമില്ലാത്ത ഈന്തമരത്തില്‍ എന്റെ പട്ടി തൂങ്ങും! ഗള്‍ഫാണ് പോലും ഗള്‍ഫ്! സമാധാനത്തോടെ ഒന്നാത്മഹത്യ ചെയ്യാന്‍പോലും സൌകര്യമില്ലാത്ത ഇന്നാട്ടിലേക്കാണോ ആത്മഹത്യ ഒരാഘോഷമായികൊണ്ടാടുന്ന ബ്ലഡി ഇന്ത്യന്‍സ് ഒഴുകിയെത്തുന്നത്! കത്തിത്തീര്‍ന്ന ഒരു സിഗരറ്റ്കുറ്റി നിലത്തിട്ട് ചവിട്ടിയരച്ചിട്ടും എനിക്കരിശം തീര്‍ന്നില്ല.
ഇനിയുള്ളത് ജീവിതത്തോട് പൊരുതുക എന്ന സെക്കന്റ്‌തിയറിയാണ്. അതിനാവശ്യമായ ചേരുവകള്‍ മനസിലിട്ട് കൂട്ടിയുംകുറച്ചും ഹരിച്ചുംഗുണിച്ചും വീണ്ടും പുകപടലങ്ങള്‍ മസ്തിഷ്ക്കത്തിലേക്ക് Export ചെയ്തു. ആദ്യം വേണ്ടത് ഡിഗ്രിഹോള്‍ഡറാണെന്ന ചിന്ത ഒഴിവാക്കുകയാണ്. അനുവദനീയമായ ഏതുജോലിയും ചെയ്യുമെന്ന ഒരുറച്ചതീരുമാനവും സ്വീകരിക്കണം. നാട്ടുകാരെയും ബന്ധുക്കളെയും ആശ്രയിക്കരുത്. ഒരുകാരണവശാലും മാതാപിതാ-ഗുരുനാഥന്‍ന്മാരെ പറയിപ്പിക്കരുത്. എങ്കിലീ ലോകത്തും പരലോകത്തും തൂങ്ങേണ്ടി വരില്ല.
"ഡേയ്, താനൊന്നു ശ്രമിച്ചു നോക്കഡോ.."
ഒരശരീരി എന്നെത്തഴുകി-ക്കടന്നുപോയി. ഞാനൊരുങ്ങി. മനസാ വാചാ പൂജാ ലക്ഷ്മണാ എഗ്രീഡ്.! ദുഷ്ചിന്തകള്‍ക്ക് കൂട്ടുനിന്ന സിഗരറ്റും ലൈറ്ററും വലിച്ചെറിഞ്ഞു. ഇന്ന്മുതല്‍ എന്റെവഴിയില്‍ കല്ലുകളില്ല. മുള്ളുകളില്ല. മുരിക്കും മുരിങ്ങക്കോലുമില്ല. ഉള്ളത് നന്മയുടെ നേര്‍വഴികളാണ്. ബദ്രീങ്ങളെ കാത്തോളണേ.!
ഏറെക്കഴിയുംമുന്‍പേ ഒരു മദ്ധ്യവയസ്ക്കന്‍ ഞാനിരുന്ന ബെഞ്ചില്‍ വന്നിരുന്നു. എന്നെക്കണ്ടിട്ട് ഇവനേതോ ബംഗാളിയെന്നു തോന്നിയതുകൊണ്ടാകാം അയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. ഞാന്‍ മലയാളത്തില്‍ മറുപടി പറയുകയും ഞങ്ങള്‍ പരിചയപ്പെടുകയും ചെയ്തു. മടിച്ചു മടിച്ചാണെങ്കിലും വലിയൊരു രഹസ്യം ചോദിക്കും പോലെ അയാളെന്നോട് ചോദിച്ചു.
"മോന്‍ ജയിലിന്നാ വരുന്നേ..?"
കുറ്റിത്താടി-മുടി-മീശയുള്ള എലുമ്പന്മാരൊക്കെ ജയില്‍വാസികളായിരിക്കണമെന്ന് ശഠിക്കുന്ന ഇയാളെപ്പോലുള്ളവരുടെ ചെപ്പട്ടക്കുറ്റി നോക്കി എട്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്. എന്റെ കൈകള്‍ തരിച്ചു. ഞാന്‍ വിറച്ചു. പക്ഷെ ക്ഷമിച്ചു! നാലഞ്ചു മിനിട്ടുകള്‍ക്കുമുന്‍പ് എനിക്ക് മനസ്താപമുണ്ടായത് അയാളുടെ ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ആ കൊശവന്റെ നെഞ്ചുകീറി സഞ്ചിയിലാക്കിയേനെ..!
തികട്ടിവന്ന രോഷം അടക്കിവെച്ച് ഞാനയാളെ ദയനീയമായി നോക്കി. എന്റെവരവ് ജയിലില്‍ നിന്നാണെന്ന് ഉറപ്പിച്ചതുപോലെ അയാളെന്നെ ആശ്വസിപ്പിച്ചു.
"ഇന്നാട്ടില്‍ ഞമ്മളൊക്കെ അന്യരല്ലേ കുട്ട്യേ. ആരാന്റെ നാട്ടിലെത്തിയാല് അബ്ടത്തെ നിയമോം കാര്യോം നോക്കീം കണ്ടും നിന്നോളണം. ബല്ല കുരുത്തക്കേടും കളിച്ചാ ഞമ്മളെ സഹായിക്കാന്‍ ആരും ഉണ്ടാവില്ല്യ. നാട്ടില് പണി ഇല്ലാത്തോണ്ടല്ലേ ഞമ്മളിബിടെ ബന്നത്. മോന്റെ ബീട്ടിലെ പട്ടിണി ആയിരിക്കൂലോ ഇത്ര ചെറുപ്പത്തിലേ മോനെ ഇബിടെത്തിച്ചത്. സാരല്ല്യ. മോന്റെ റൂമെവിടാ..? എങ്ങോട്ടാ പൊന്നേ..?"
കാര്‍ന്നോരുടെ കൊണോത്തിലെ ഉപദേശംകേട്ട് ഓക്കാനംവന്നെങ്കിലും ആ നിഷ്കളങ്കത എനിക്കിഷ്ട്ടപ്പെട്ടു. ഇന്നുമുതല്‍ എനിക്ക് റൂമില്ലെന്നും പോകാനിടമില്ലെന്നും പറഞ്ഞപ്പോള്‍ അയാളെന്നെ റൂമിലേക്ക് ക്ഷണിച്ചു. ആ സമയം ഏതാഫ്രിക്കക്കാരന്‍ വിളിച്ചാലും കൂടെപ്പോകാന്‍ വെമ്പിനില്‍ക്കുന്ന എന്റെ ആത്മാവ് അബ്ദുസ്സലാം എന്ന ആ മലപ്പുറം സ്വദേശിയോടൊപ്പം ഇറങ്ങിനടന്നു.
ഇതാ, യുദ്ധകാണ്ഡം തുടങ്ങുകയായി..! ഞാന്‍ പല്ലിറുമ്മി. തല്ലിനൊരുങ്ങി. വില്ലുകുലച്ചു. എല്ല് പൊടിച്ചു. നെഞ്ചുവിരിച്ചു.. വെല്ലു വിളിച്ചു.. പുല്ലന്മാരേ.., കല്ലി~വല്ലി.!
ഒരു പഴഞ്ചന്‍ കെട്ടിടത്തിലെ മൂന്നാമത്തെ ഫ്ലോറിലാണ് സലാംക്കാന്റെ സങ്കേതം. ലീവിനുപോയ ഒരാളുടെ ബെഡ്ഢില്‍ എന്നെ അഡ്മിറ്റാക്കി. രാത്രിയായപ്പോള്‍ മുഴുവന്‍പേരെയും ജീവനോടെ പരിചയപ്പെട്ടു. 2ബെഡ്-റൂം ഹാള്‍ ഫ്ലാറ്റില്‍ മൊത്തം 11പേര്‍ . കോഴിക്കോട് വയനാട് മലപ്പുറം പാലക്കാട് തൃശൂര്‍ സ്വദേശികളായ മദ്ധ്യവയസ്ക്കര്‍ . രണ്ടും മൂന്നും തവണ പ്രായപൂര്‍ത്തി എത്തിയവര്‍ ! അവരില്‍ ചിലരുടെ നോട്ടം അത്ര പന്തിയല്ലെന്നെനിക്ക് തോന്നി. പാണ്ടിലോറിക്കിടയില്‍ പെട്ട ഓട്ടോയുടെ അവസ്ഥയിലായിരുന്നു ഞാന്‍. കിടന്നെങ്കിലും ഉറക്കം പോയിട്ട് മയക്കം പോലും വന്നില്ല.
എന്നെക്കാള്‍ ഇരട്ടിവയസുള്ള ഈ പരട്ടകള്‍ക്കൊപ്പം എങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങും.! മധുരപ്പതിനേഴ് കഴിഞ്ഞ് കേവലം നാലുവര്‍ഷംപോലുമായിട്ടില്ലാത്ത എന്നെയീ തടിമാടന്മാര്‍ മാനഭംഗപ്പെടുത്തില്ലെന്നാര് കണ്ടു.! ഒരു പോറലുമേല്‍ക്കാതെ ഇത്രേംകാലം സംരക്ഷിച്ചുപോരുന്ന എന്റെ ചാരിത്ര്യം ഇവര്‍ ചരിത്രത്തിലേക്ക് വലിച്ചെറിയുമോ.! ഓര്‍ക്കുംതോറും നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ബാഗിലൊരു കത്തിയെങ്കിലും കരുതാമായിരുന്നു. എന്നെപ്പോലുള്ള Handsome Boysനു ദിനരാത്രങ്ങള്‍ തള്ളിനീക്കാന്‍ പറ്റാത്ത കാലമാണിത്. ഉടുത്തലുങ്കിയുടെ മറുഭാഗം തുടയ്ക്കിടയിലൂടെയിട്ട് മുറുക്കിയൊരു കെട്ടുംകെട്ടി കണ്ണുകളിറുകെപ്പൂട്ടി ഞാന്‍ ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിച്ചു.
'പടച്ചോനെ, എന്റെ കന്യകാത്വം നീ കാത്തോളണേ..'!
പിറ്റേന്ന് പകല്‍ !
ശരീരം നുറുങ്ങുന്ന വേദനയുമായിട്ടാണ് ഉണര്‍ന്നത്. അടിവയറ്റിലും നടുപ്പുറത്തും ശക്തമായ വേദന! മൂത്രമൊഴിക്കുമ്പോള്‍ അണ്ഡകടാഹം നടുങ്ങി. മാത്രനേരംകൊണ്ട് വിലപ്പെട്ട പലതും എനിക്ക് നഷ്ട്ടപ്പെട്ടോ..! എന്നെയവര്‍ പീഡിപ്പിച്ചോ..!
പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ സത്യമെനിക്ക് മനസിലായത്. കൂട്ടബലാല്‍സംഗത്തിന് ഞാന്‍ ഇരയായിട്ടില്ല. ഇരുമ്പു കട്ടിലിനു മീതെ പലക ഇടാതെയാണ് ബെഡ് ഇട്ടിരിക്കുന്നത്. അതാണീ വേദന. അടിവയറ്റില്‍ നിന്നുയരുന്നത് വിശപ്പിന്റെ കാഠിന്യമാണ്. സമയം 12മണി കഴിഞ്ഞിരിക്കുന്നു! 'ചെക്കനുറങ്ങിക്കോട്ടെ..' എന്ന് കരുതി ആരുമെന്നെ ഉണര്‍ത്തിയിരുന്നില്ല.
കുളികഴിഞ്ഞ് വസ്ത്രം മാറുമ്പോഴാണ് എന്റെ നഗ്നത മറക്കാനുള്ള മാറ്റച്ചുരികയില്ലെന്ന നഗ്നസത്യം എന്നെ ഞെട്ടിച്ചത്.! ഇന്നലെവരെ ഇട്ടിരുന്നത് അല്പംമുന്‍പ് കുളിക്കുമ്പോള്‍ കഴുകിയിട്ടു. തള്ളയുടെ വീട്ടില്‍നിന്നുള്ള മരണപ്പാച്ചിലിനിടയില്‍ അവിടെ കഴുകിയിട്ടിരുന്നവ എടുക്കാന്‍ വിട്ടുപോയിരിക്കുന്നു.!അവിടെച്ചെന്ന് അതൊക്കെ കൊണ്ടുവരിക അത്ര എളുപ്പവുമല്ല. എന്റെ സൈസ് തള്ളക്ക് പാകമാവാത്തതു കൊണ്ടു അതൊക്കെയെടുത്ത് വലിച്ചെറിയാനാണ് സാധ്യത. പാകമാവാത്ത ജെട്ടിയും കയ്യില്‍പിടിച്ച് എന്നെ പ്രാകുന്ന തള്ളയെ ഓര്‍ത്തപ്പോള്‍ എനിക്ക് നാണം തോന്നി. പാവം തള്ള!
എന്താണൊരു വഴിയെന്ന് ആലോചിച്ച് ടെറസില്‍ ചെന്നപ്പോള്‍ ദാ തൂങ്ങുന്നു അയലില്‍ നിറയെ പല സൈസിലുള്ള കിണ്ണംതൂക്കികള്‍ ! നല്ലൊരെണ്ണമെടുത്ത് റൂമില്‍വന്ന് കൊടിയേറ്റം നടത്തി. അല്പം ലൂസുണ്ടോന്നൊരു സംശയം. എന്നാലും കട്ടെടുത്ത ജെട്ടിയിട്ട് സാമാനംഭേദപ്പെട്ട നിലയില്‍ പുറത്തുപോയി ഭക്ഷണം കഴിച്ചു തിരിച്ചുവന്നു.
രണ്ടുമൂന്നു ദിവസം പിന്നിട്ടപ്പോള്‍ എനിക്ക് ബോറടിച്ചു തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ ഉറങ്ങിയും ടീവി കണ്ടും പഴയപത്രങ്ങള്‍ വായിച്ചും മടുത്തിരിക്കുന്നു. ഒരു രാത്രി സലാംക്ക വന്നപ്പോള്‍ ജോലിക്കാര്യം ഓര്‍മ്മിപ്പിച്ചു. റൂമിന്റെ വാടകയും വട്ടച്ചെലവിനുള്ള കാശും കണ്ടെത്തണമെന്ന് പറഞ്ഞപ്പോള്‍ ആ വലിയ മനുഷ്യന്‍ എന്റെ ചുമലില്‍ കൈ വെച്ചു.
"അനക്കൊരു ജോലിക്ക് വേണ്ടി ഞങ്ങളെല്ലാവരും ശ്രമിക്കുന്നുണ്ട്. നല്ലത് കിട്ടീറ്റു മാത്രം നിന്നാ മതി. അതു വരെ മോനിവിടെ നിന്നോ. ആരും കുട്ട്യോട് വാടക ചോദിക്കൂല. എന്തേലും കാശു വേണേല്‍ ഇബ്ടെ ആരോട് വേണേലും ചോദിക്കാം. എന്താ പോരെ.?"
എന്റെ കണ്ണ് നിറഞ്ഞു. അപരിചിതനായ എനിക്കഭയം നല്‍കിയ സലാംക്കയും മറ്റുള്ളവരും സ്നേഹ വാത്സല്യങ്ങള്‍ കൊണ്ട് എനിക്കുള്ളില്‍ ആശ്ചര്യചിഹ്നം പണിയുകയായിരുന്നു. ഒരിക്കല്‍പോലും മുഖം കറുപ്പിച്ചു സംസാരിക്കുകയോ 'നീ പയ്യന്‍; ഞങ്ങള്‍ മുതിര്‍ന്നവര്‍ ' എന്ന രീതിയില്‍ പെരുമാറുകയോ ചെയ്തില്ല.
മനുഷ്യജീവിതത്തിലെ രസകരമായൊരു കാലഘട്ടമാണ് ഗള്‍ഫിലെ ബാച്ച്ലേഴ്സ് ലൈഫ്. പത്തും പന്ത്രണ്ടും പേരുടെ ഒരു കൂട്ടായ്മയാണത്. ഒറ്റപ്പെടലിന്റെ ദുരൂഹതകള്‍മറന്നു പൊട്ടിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരവാച്യലോകം! അതിരുകളില്ലാത്ത സ്വതന്ത്രത്തിന്റെ അനുഭൂതിയുണ്ടതിന്. ഒരേസമയം ചിരിക്കാനും കരയാനും പ്രവാസിക്ക് കഴിയുന്നത് ആ കൊച്ചുലോകത്തിന്റെ മാസ്മരികത കൊണ്ടാണ്. അവന്റെ കണ്ണുനീരൊപ്പാനുള്ള കഴിവുണ്ട് കൂടെക്കഴിയുന്നവരുടെ സാമിപ്യത്തിന്.
അതിരാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നവര്‍ . ഉച്ചഭക്ഷണത്തിന് വന്നു വിശ്രമിച്ച് വൈകിട്ട് വീണ്ടും പോകുന്നവര്‍ . രാവിലെപോയിട്ട് രാത്രി തിരിച്ചെത്തുന്നവര്‍ . ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്. നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ് നാട്ടിലുള്ളവരുടെ സുഖാലസ്യം. അനേകം ചൂഷണങ്ങളുടെ രുചിഭേദമറിഞ്ഞേ ഒരു മനുഷ്യന്‍ പ്രവാസിയാകുന്നുള്ളൂ..!
ജോലി ലഭിക്കുംവരെ വാടക തരണ്ടാ എന്ന് നിര്‍ബന്ധം പിടിച്ച അവര്‍ക്ക് മുന്‍പില്‍ ഞാനൊരുപാധി വെച്ചു. "കുക്കിങ്ങും ക്ലീനിങ്ങും ഞാന്‍ ചെയ്തോളാം.."
"അതിനു തനിക്ക് ഭക്ഷണമുണ്ടാക്കാനറിയോ..?" ന്യായമായ സംശയം.
"ഇല്ല. രണ്ടുമൂന്നു ദിവസം ആരെങ്കിലും കാണിച്ചു തന്നാല്‍ മതി."
ഹോട്ടലില്‍നിന്നും തിന്നുമടുത്ത് കുടല്‍മാല കടല്‍ പോലെയായ ആ പാവങ്ങള്‍ പാതിമനസോടെ സമ്മതിച്ചു.
ഇതാ യുദ്ധം മുറുകുകയാണ്. കടുക്മുതല്‍ കത്തിവരെ സുസജ്ജമാക്കി. തുരുമ്പെടുത്ത ഫ്രിഡ്ജ് വൃത്തിയാക്കി. ധാന്യപ്പൊടികള്‍ ദൈന്യതയോടെ എന്നെനോക്കി പരിഹസിച്ചു. എന്റെ ഉരുളിപരമ്പര ദൈവങ്ങളേ അനുഗ്രഹിക്കൂ..!
അഴുക്ക്പുരണ്ട കിച്ചന്‍ കഴുകിത്തുടച്ചു. കരിപുരണ്ട പാത്രങ്ങള്‍ നക്കിത്തുടച്ചു. തൂറിപ്പൊളിഞ്ഞ കക്കൂസില്‍ സോപ് പൊടിയും ക്ലോറക്സും ഡെറ്റോളുമിട്ട് നീന്തിത്തുടിച്ചു. കീറിപ്പറിഞ്ഞ കര്‍ട്ടനുകള്‍ അലക്കി വെളുപ്പിച്ചു. ആകെമൊത്തം സംഗതി ക്ലീനായതില്‍ അവര്‍ അതിയായി സന്തോഷിച്ചു.
45നും 60നുമിടയില്‍ പ്രായമുള്ള അവരെല്ലാവരും പരസ്പരം ബഹുമാനിക്കുന്നവരായിരുന്നു. ജീവിതം ഉത്സവമാക്കാത്തവര്‍ . യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ദൈവഭയമുള്ളവര്‍ . സുബഹി നിസ്ക്കാരം കഴിഞ്ഞാല്‍ പത്തുപേര്‍ക്കുള്ള ചായ ഉണ്ടാക്കും. കഴിക്കാന്‍ ബ്രെഡ് ടോസ്സ്റ്റോ ഉപ്മാവോ ബിസ്ക്കറ്റോ കൊടുക്കും. എട്ടുമണിക്ക് ലാസ്റ്റ് പേഴ്സണും പോയിക്കഴിഞ്ഞാല്‍ ഓരോ മുറികളും അടിച്ചുവാരി തുടക്കും. അതിനിടയില്‍ ചോറിനുള്ള അരിയിടും. പിന്നെ കറിവെക്കും. വൈകിട്ട് ആറു കഴിഞ്ഞാല്‍ രാത്രിഭക്ഷണത്തിനുള്ള പണിയിലേക്കിറങ്ങും.
ആനുകാലികങ്ങളില്‍ വരുന്ന പാചകകുറിപ്പുകളൊക്കെ ഞാനവരില്‍ പരീക്ഷിച്ചു നോക്കി. എണ്ണ ചൂടാക്കി ഉള്ളി വാട്ടി ഉലുവയിട്ടുണ്ടാക്കുന്ന മീന്‍കറിയും മല്ലിച്ചപ്പും തേങ്ങയും മിക്സിയിലരച്ചുണ്ടാക്കുന്ന മട്ടന്‍കറിയും കഴിച്ച് അവര്‍ ഏമ്പക്കം വിട്ടു. ഓരോ സവാള അരിയുമ്പൊഴും ഒരായിരം കണ്ണീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങിയത് പുതിയൊരനുഭവമായിരുന്നു. ഒരേ കറിക്കുതന്നെ ഒന്നിലേറെ രുചികളുണ്ടായതിന്റെ പൊരുളെന്തെന്ന് ആരുമറിഞ്ഞില്ല. ഇന്ന് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നീളത്തില്‍ അരിഞ്ഞിട്ടാല്‍ അടുത്ത ദിവസം അത് മൂന്നുംകൂടി മിക്സിയില്‍ അരച്ചെടുക്കും. സവാളയും തക്കാളിയും ഇതുപോലെ അരച്ചെടുത്ത് കറിവെച്ചു തീറ്റിച്ചിട്ടുണ്ട് നല്ലവരായ ആ പഹയന്മാരെ..!
ആദ്യമൊക്കെ കറികളില്‍ ആവശ്യത്തിലധികം വെള്ളം കൂടിയിരുന്നു. അത്തരം കറികള്‍ മുറുകാന്‍വേണ്ടി ബ്രെഡിന്റെ കഷ്ണങ്ങളോ റവപ്പൊടിയോ ഇടും. ചിലപ്പോള്‍ മുളകുപൊടി കൂടുതല്‍ . മറ്റുചിലപ്പോള്‍ മല്ലിപ്പൊടിയുടെ ചവര്‍പ്പ്. എരിവ് കൊണ്ട് കണ്ണുതുടച്ച് ചിലര്‍ കക്കൂസിലേക്കോടും. മറ്റുചിലര്‍ മൂലംപൊള്ളിയ നാണക്കേട് പുറത്തുപറയാതെ എല്ലാം സഹിച്ചു.!
പക്ഷെ ഒരുമാസം പിന്നിട്ടപ്പോള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാനൊരു മികച്ച പണ്ടാരിയായി. പലതും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പഠിച്ചു. നല്ല രുചി. നല്ല കൈപുണ്യം.
2003ല്‍ ഞാന്‍ കാണിച്ച ആ സാഹസം ഒരു അനുഗ്രഹം തന്നെയായിരുന്നു. അവര്‍ക്കിടയിലെ മൂന്നരമാസത്തെ ജീവിതം എനിക്ക് നല്‍കിയത് ഭക്ഷണമുണ്ടാക്കാനുള്ള അറിവും കഴിവും മാത്രമായിരുന്നില്ല. നല്ല മനസുകളിലെ നല്ല കാഴ്ചപ്പാടുകളായിരുന്നു... സഹജീവി സ്നേഹമായിരുന്നു... എല്ലാറ്റിനുമുപരി, ജീവിതം എന്നത് കുട്ടിക്കളി അല്ലെന്ന വലിയൊരു പാഠമായിരുന്നു..!
No comments:
Post a Comment