ആമുഖം / പഠന സഹായി

koyasmalayamma@gmail.com

ആമുഖം / പഠന സഹായി

ബ്ലോഗുകളും, അതുവഴി ഇന്റര്‍നെറ്റ്‌ മലയാളവും പരിചയപ്പെട്ട്‌ ബൂലോകത്തേക്ക്‌ എത്തുന്നവരുടെ എണ്ണം ദിവസേന വർദ്ധിക്കുകയാണല്ലോ. കണ്ടും, കേട്ടും, വായിച്ചും യൂണിക്കോഡും ട്രാൻസ്‌ലിറ്റെറേഷനും ബ്ലോഗും ഒക്കെ പരിചയമാവുന്നതോടെ പലരും വായനയോടൊപ്പം എഴുത്തിലേക്കും തിരിയുന്നുണ്ട്‌. അവർക്കൊക്കെ സഹായത്തിനായി മലയാളത്തില്‍ തന്നെ എഴുതപ്പെട്ട വിവിധ ഹെല്‍പ്‌ പേജുകളും ലഭ്യവുമാണ്. എന്നിട്ടും പല നവാഗതരുടെയും സംശയങ്ങള്‍ തീരാതെകിടക്കുന്നു.




ഇതിനു കാരണമായി എനിക്കു തോന്നിയിട്ടുള്ള ഒരു വസ്തുത, ഇപ്പോഴത്തെ ബ്ലോഗ്‌ ഉപയോക്താക്കളില്‍ പുതുതായി കടന്നുവരുന്നവരില്‍ രണ്ടുവിഭാഗം ആള്‍ക്കാര്‍ ഉണ്ട്‌ എന്നതാണ്. ഒന്നാമത്തെ വിഭാഗത്തില്‍ അവരുടെ പഠനകാലയളവിലും ജോലിയിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ , നല്ല പരിചയം ഉള്ള യുവതലമുറയാണ്. അവര്‍ക്ക്‌ കമ്പ്യൂട്ടറിന്റെയും സോഫ്റ്റ്‌വെയറുകളുടെയും ഉപയോഗത്തില്‍ നല്ല പരിചയമുണ്ട്‌; അതിനാല്‍ തന്നെ ചെറിയ നിര്‍ദ്ദേശങ്ങള്‍ കിട്ടിയാല്‍ അവര്‍ക്ക്‌ ഹെല്‍പ്‌ പേജുകളിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും. രണ്ടാമത്തെ വിഭാഗം, ജോലിയില്‍നിന്ന് റിട്ടയര്‍മെന്റൊക്കെയായി കമ്പ്യൂട്ടര്‍ ഉപയോഗത്തെപ്പറ്റി അവരുടെ താല്‍പര്യം ഒന്നു കൊണ്ടുമാത്രം പഠിച്ച്‌ ഈ രംഗത്തെക്കു വരുന്ന നമ്മുടെ സീനിയര്‍ ആള്‍ക്കാരാണ്‌. അവരോടൊപ്പം ജോലിയുടെ ഭാഗമായി കമ്പ്യൂട്ടറിന്റെ ചില്ലറ ഉപയോഗങ്ങൾ പരിചയമാക്കിയ ഒരു വിഭാഗവും ഉണ്ട്. അവർക്ക്‌ ചെറുപ്പക്കാരെപ്പോലെ പെട്ടന്ന് ഈ സഹായ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാകണം എന്നില്ല.



അതാണ് ഇങ്ങനെയൊരു ബ്ലോഗിനു പിന്നില്‍ എനിക്കു പ്രചോദനമായത്. എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ലളിതമായി ഒരു വിവരണം, കഴിവതും സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ ആരംഭിക്കുക.“ആദ്യാക്ഷരി“ എന്ന പേരില്‍ ഈ പുതിയ ബ്ലോഗ് ബൂലോകത്തിനു സമര്‍പ്പിക്കുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. ഓര്‍ത്തിരിക്കുവാനുള്ള എളുപ്പത്തിനായി ഇതിന്റെ യു.ആ‍ര്‍.എല്‍ bloghelpline.blogspot.com എന്നാണു നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കും മനസ്സിലാവുന്ന തരത്തില്‍ വിശദമായി സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെയാണ്‌ ഈ ബ്ലോഗിലെ അദ്ധ്യായങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്‌.



ഇന്റര്‍നെറ്റ് മലയാളത്തെപ്പറ്റിയും, അതിന്റെ ഉപയോഗങ്ങളെപ്പറ്റിയും, ബ്ലോഗുകളെപ്പറ്റിയും ആദ്യാക്ഷരിയിൽ വായിക്കാം. ഇതിലെ വിവരണശൈലി അല്‍പ്പം വിശദമായിപ്പോയില്ലേ എന്നു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. ആ ശൈലിയില്‍ മാത്രം മനസ്സിലാവുന്ന നവാഗതരും ഉണ്ട് എന്നു കരുതി ക്ഷമിക്കുക! ഇതിലെ വിവരങ്ങള്‍ പൂര്‍ണ്ണമാണെന്നു എനിക്കുതന്നെ തോന്നുന്നില്ല. എനിക്കറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ്‌ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്‌. തെറ്റുകുറ്റങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും. വായിക്കുന്നവര്‍ അങ്ങനെ എന്തെങ്കിലും കണ്ടാല്‍ ചൂണ്ടിക്കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.



ബ്ലോഗില്‍ സജീവമായുള്ള പത്രപ്രവര്‍ത്തകന്‍ സെബിന്‍ ഏബ്രഹാം ജേക്കബ്, അദ്ദേഹത്തിന്റെ രണ്ടു ലേഖനങ്ങള്‍ ഇതില്‍ പോസ്റ്റുചെയ്യുവാന്‍ അനുവാദം തന്നു. അദ്ദേഹത്തിന് നന്ദി. “ആദ്യാക്ഷരി” എന്ന അര്‍ത്ഥവത്തായ ഒരു പേര് ഈ ബ്ലോഗിന് നിര്‍ദ്ദേശിച്ചത് “ചന്ദ്രകാന്തം” എന്ന ബ്ലോഗര്‍ ആണ്. അവർക്കും നന്ദി!





ബ്ലോഗിലെ തുടക്കക്കാരോട് ഒരു വാക്ക്:



ടൈപ്പ് റൈറ്റിംഗ് വശമില്ലാത്തവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കം‌പ്യൂട്ടര്‍ ഉപയോഗിച്ച് എഴുതുവാന്‍ വലിയ പ്രയാസം നേരിടുന്നു എന്നതാണ്. ഇതൊരു വലിയ പ്രശ്നമായി ആദ്യം എടുക്കാതിരിക്കുക. ബ്ലോഗ് തുടങ്ങാനായി മലയാളം പഠിക്കുക എന്നതിനേക്കാള്‍ നല്ലത് ഇന്റര്‍നെറ്റ് മലയാളത്തിന്റെ ഒരു ഉപയോഗമായി, ബ്ലോഗിനെ കാണുക എന്നതാണ്. അതിനായി ആദ്യം ബ്ലോഗുകള്‍ വായിക്കുവാന്‍ പഠിക്കാം. അങ്ങനെ വ്യത്യസ്ത ബ്ലോഗുകള്‍ ദിവസേന വായിക്കുമ്പോള്‍ ഇടയ്ക്കെപ്പോഴെങ്കിലും ചെറിയ കമന്റുകള്‍ ഇടേണ്ടതായി വരാം. അപ്പോള്‍ അവ എഴുതിനോക്കുക. അ മുതല്‍ അം വരെയും ക മുതല്‍ ഹ വരെയും ഒരറ്റം മുതല്‍ മറ്റേയറ്റം വരെ കാണാതെ പഠിക്കുകയല്ലവേണ്ടത്. നമ്മുടെ ആവശ്യം പോലെ, അതിനനുസരിച്ച് മാത്രം ടൈപ്പ് ചെയ്യുവാന്‍ പഠിക്കുക. അതിനു ശേഷം വേണമെങ്കില്‍ മാത്രം ബ്ലോഗ് എഴുത്തിലേക്ക് ഇറങ്ങാം. അതും കഴിയുമ്പോള്‍ മാത്രമേ ബ്ലോഗ് സെറ്റിംഗുകളിലേക്കും അതിന്റെ ടെക്‍നിക്കല്‍ കാര്യങ്ങളിലേക്കും പോകേണ്ടതുള്ളൂ. അതിനാല്‍ നിങ്ങള്‍ ഈ ബ്ലോഗ് ഒരു പഠന സഹായിയായി ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താഴെപ്പറയുന്ന രീതിയാവും നല്ലത്