Saturday, October 15, 2011

മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍

മലയാള അക്ഷരങ്ങള്‍ക്കായി എത്ര യൂണിക്കോഡ് ഫോണ്ടുകള്‍ - Malayalam Unicode Fonts - ലഭ്യമാണു് ? മിക്കവരുടെയും അറിവില്‍ പെട്ട ഫോണ്ടുകള്‍ വളരെ കുറവു് മാത്രം. മലയാളം ഡെസ്ക് ടോപ്പ് പബ്ലിഷിംഗിലേക്കു് (ഡി.ടി.പി) യൂണിക്കോഡ് കടന്നുവരാത്തതിനു കാരണവും ഇതു തന്നെയാവും.

എന്റെ ശ്രദ്ധയില്‍ പെട്ട ഫോണ്ടുകളുടെ ഡൌണ്‍ലോഡിങ് ലിങ്കുകള്‍ ഇവിടെ നല്‍കുകയാണു്. മറ്റ് ഫോണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവയുടെ ലിങ്കുകളും താഴെ കൊടുക്കാമെന്നു് കരുതുന്നു. ഈ ഫോണ്ടുകള്‍ അവ ഡെവലപ്പ് ചെയ്തവരുടെ കോപ്പിറൈറ്റ് നോട്ടീസ് അനുസരിച്ചു് ഉപയോഗിക്കേണ്ടതാകുന്നു. ചിലവ പബ്ലിക്‍ ഡൊമെയ്‍നിലും ചിലവ ഗ്നൂ ജിപിഎല്‍ പ്രകാരവും ഓപ്പണ്‍ സോഴ്സ് ആയി ലഭ്യമാണു്. വിതരണാവകാശമില്ലാത്ത ചില ഫോണ്ടുകളും ഉണ്ടു്.

ഇവയൊന്നും ഞാന്‍ തപ്പിപ്പിടിച്ചു കൊണ്ടുവന്നതല്ല. ഇതിനകം പല സൈറ്റുകളിലായി കണ്ടവയാണു്. അവയുടെ ലിങ്കുകള്‍ മാത്രമേ നല്‍കുന്നുള്ളൂ. ആവശ്യക്കാര്‍ അതാത് സൈറ്റുകളില്‍ പോയി അവ ഡൗണ്‍ലോഡ് ചെയ്ത് സിപ് / ടാര്‍ / ജിസിപ് / ബിസിപ് ഫയലാണെങ്കില്‍ എക്സ്ട്രാക്ട് ചെയ്ത് c:\windows\fonts ഫോള്‍ഡറില്‍ പകര്‍ത്തിയിടുക. ഇവ പ്രത്യേകം ക്രമത്തിലൊന്നുമല്ല എന്നു് ശ്രദ്ധിക്കുക.

ഫോണ്ടുകളെ കുറിച്ചു് സംശയം ചോദിച്ചാല്‍ പറഞ്ഞുതരാനുള്ള സാങ്കേതിക ധാരണകളൊന്നും എനിക്കില്ലാത്തതിനാല്‍ അതിന് സിബു, കെവിന്‍, കൈപ്പള്ളി, സന്തോഷ് പിള്ള, പെരിങ്ങോടന്‍, ഉമേഷ്, റാല്‍മിനോവ്, അനിവര്‍ അരവിന്ദ്, സുറുമ സുരേഷ്, ഹിരണ്‍, സന്തോഷ് തോട്ടിങ്ങല്‍, പ്രവീണ്‍, ഹുസൈന്‍, ബൈജു തുടങ്ങിയ സാങ്കേതിക വിദഗ്ദ്ധന്മാരെ തേടിപ്പിടിച്ചുകൊള്ളുക.

അജയ് ലാല്‍ വികസിപ്പിച്ചെടുത്ത സൂപ്പര്‍ സോഫ്റ്റിന്റെ തൂലിക യൂണിക്കോഡ് (പുതിയ ലിപി), തൂലിക ട്രഡീഷണല്‍ യൂണിക്കോഡ് (പഴയ ലിപി) എന്നിവ ഈ സൈറ്റില്‍ ലഭ്യം. ഝാന്‍സി റാണി എന്നും മറ്റും എഴുതാനുപയോഗിക്കുന്ന 'ഝ' എന്ന അക്ഷരം സൂപ്പര്‍ സോഫ്റ്റിന്റെ ഒരു ഫോണ്ടിലും കാണില്ല. ഈ പ്രശ്നം മൂലം കേരളകൗമുദിയും മറ്റും 'ഝ' പ്രയോഗിക്കേണ്ടിടത്ത് 'ത്സ' എന്ന് തെറ്റായി എഴുതുന്നത് കാണാം. മറ്റു പല അനോമലികളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടു്.

കെവിനും സിജിയും ചേര്‍ന്നു് വികസിപ്പിച്ച അഞ്ജലി ഓള്‍ഡ് ലിപി, കയ്യക്ഷര സ്വഭാവമുള്ള കറുമ്പി എന്നിവ. മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള മലയാളം ഫോണ്ടാണു് അഞ്ജലി. യൂണിക്കോഡ് 5.1 പ്രകാരം നിലവില്‍ വന്ന ആണവ ചില്ല് പ്രദര്‍ശിപ്പിക്കുന്ന നിലവിലുള്ള ഏക ഫോണ്ടാണിതു്. മറ്റു് ഫോണ്ടുകളെല്ലാം വ്യഞ്ജനം + വിരാമം + സീറോവിഡ്ത്ത് ജോയിനര്‍ എന്ന യൂണിക്കോഡ് 5.0 വരെയുള്ള സീക്വന്‍സിലാണു് ചില്ലു പ്രദര്‍ശിപ്പിക്കുന്നതു്. ബാക്‍വേഡ് കമ്പാറ്റിബിലിറ്റി ഉള്ളതിനാല്‍ അഞ്ജലിയില്‍ പഴയ രീതിയിലും ചില്ലു കാണാം.

ചില കൂട്ടക്ഷരങ്ങള്‍ രൂപപ്പെടുത്തുന്ന ഇക്വേഷനു് ഫോണ്ടനുസരിച്ചു് മാറ്റം ശ്രദ്ധിച്ചിട്ടുണ്ടു്. ഉദാഹരണത്തിനു് അഞ്ജലി ഉപയോഗിക്കുമ്പോള്‍ (മ+പ)=മ്പ. ഇതാണു് ശരിയായ സന്ധിയെന്നു് എനിക്കു് തോന്നുന്നു. അതേ സമയം നിളയിലും തൂലികയിലും‍ (ന+പ) ആണു് കോമ്പിനേഷന്‍.

രചന അക്ഷരവേദി വികസിപ്പിച്ച രചന ഫോണ്ടാണു് അഞ്ജലി കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാള ബ്ലോഗര്‍മാര്‍ തുടക്കത്തില്‍ ഉപയോഗിച്ചിരുന്ന ഫോണ്ടു്. പരമ്പരാഗത ലിപിയാണു് രചനയും പിന്തുടരുന്നതു്. നേരത്തെ ഓപ്പണ്‍ടൈപ്പ്, ട്രൂടൈപ്പ് എന്നിങ്ങനെ രണ്ടു വേര്‍ഷനുകള്‍ ഡൌണ്‍ലോഡിങ്ങിനായി നല്‍കിയിരുന്നതില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ടു്. ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസോ ഗ്നൂ ലിനക്‍സോ ഏതായാലും രചനയുടെ പുതിയ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ മതിയാവും. ലിങ്ക് അടുത്ത ഖണ്ഡികയിലുണ്ടു്.

ഗ്നൂ ലിനക്‍സ് ഉപയോക്താക്കള്‍ക്കു് വേണ്ടി തുടക്കത്തില്‍ വികസിപ്പിച്ചതും വിന്‍ഡോസില്‍ ഉപയോഗിക്കാവുന്നതുമായ പ്രിന്റിങ്ങിനു് പറ്റിയ മനോഹരമായ പരമ്പരാഗത ഫോണ്ടാണു് മീര. നിലവില്‍ മാതൃഭൂമി, മംഗളം ദിനപത്രങ്ങള്‍ അവയുടെ വെബ്ബ് എഡീഷനില്‍ ഉപയോഗിക്കുന്നതു് മീരയാണു്. രചന, മീര എന്നിവയുടെ version 04, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാകിനു് വേണ്ടി ആര്‍.കെ. ജോഷി വികസിപ്പിച്ചതും പിന്നീടു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗുകാര്‍ മെച്ചപ്പെടുത്തിയതുമായ രഘുമലയാളം (പുതിയലിപി) version 02, സുറുമ ഫോണ്ടു് എന്നിവ ഇവിടെ ലഭിക്കും. ഈ ഫോണ്ടുകളെല്ലാം വിവിധ ഗ്നൂ ലിനക്‍സ് വിതരണങ്ങളില്‍ ഉപയോഗിക്കാം. ഹുസൈന്‍ സാറാണു് പ്രധാന ഡവലപ്പര്‍. ഹിരണ്‍ വികസിപ്പിച്ച ദ്യുതി ഫോണ്ടു് ഇവിടെ. മലയാളം ഭാഷാ കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സോഫ്റ്റ്വെയര്‍ റിലീസുകള്‍ ഇവിടെ. ഫോണ്ടുകളും അതേയിടത്തുനിന്നു് ലഭിക്കും.

അഞ്ജലിയുമായി താരതമ്യം ചെയ്യുമ്പോള്‍ മീരയ്ക്കു് വലിപ്പം വളരെ കുറവാണെന്നു് പരാതി വന്നിരുന്നു. ഇതു് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയുന്നുണ്ടു്. ഗ്നൂ ലിനക്‍സില്‍ കാര്‍ക്കോടകന്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള സുറുമ പാച്ച് ഇവിടെ. ആണവ ചില്ലുള്ള മലയാളമെഴുത്തു് ഗ്നൂ ലിനക്സില്‍ വായിക്കുന്നതിനായി ഏവൂരാന്‍ രഘുമലയാളം ഫോണ്ടിനെ അല്‍പ്പം വ്യത്യാസപ്പെടുത്തി ഇവിടെ ഇട്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ . ആണവചില്ലുകളെ പിടിച്ചു് പഴയ മട്ടിലുള്ള ചില്ലാക്കി മാറ്റുന്നതിനുള്ള ഗ്രീസ്മങ്കി സ്ക്രിപ്റ്റ് നിഷാന്‍ നസീര്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിന്റെ ഡിസ്കഷന്‍ ഗ്രൂപ്പിലേക്കു് അയച്ച ഇ-മെയിലില്‍ നല്‍കിയിരിക്കുന്നു. നേരിട്ടുള്ള ലിങ്ക് ഇവിടെ. ഫയര്‍ഫോക്സ് ആഡ് ഓണും ഒപ്പം നല്‍കിയിട്ടുണ്ടു്. ലിങ്ക് ഇവിടെ.

തലക്കെട്ടെഴുത്തിനായി പോസ്റ്ററെഴുത്തിനോടു് സമാനമായ അക്ഷരങ്ങളോടെ ആര്‍ദ്രം എന്ന ഫോണ്ടും തയ്യാറായി വരുന്നു. രചന ഹുസൈന്‍, ഹിരണ്‍ വേണുഗോപാലന്‍, രവി സംഘമിത്ര എന്നിവരാണു് സംഘത്തിലെ അംഗങ്ങള്‍.

സി-ഡിറ്റിന്റെ ക്ലിക്ക് കേരളം എന്ന സൈറ്റില്‍ നിന്നു നാലെണ്ണം - നിള 01, നിള 02, നിള 03, നിള 04

മൈക്രോസോഫ്റ്റിന്റെ പകര്‍പ്പവകാശമുള്ള കാര്‍ത്തിക യൂണിക്കോഡ് ഫോണ്ട് വിന്‍ഡോസ് എക്സ് പി സര്‍വ്വീസ് പായ്ക്ക് 2 മുതല്‍ക്കുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒപ്പം ലഭ്യമാണു്. വിതരണാവകാശം മൈക്രോസോഫ്റ്റിനു് മാത്രമാണു്. ഇതു കൂടാതെ ഏരിയല്‍ യൂണിക്കോഡ് മിക്ക വിന്‍ഡോസ് അധിഷ്ഠിത കമ്പ്യൂട്ടറുകളിലും കാണുന്നതാണ്. എന്നാല്‍ പല അക്ഷരങ്ങളും ശരിയായി ഡിസ് പ്ലേ ചെയ്യാന്‍ ഈ ഫോണ്ട് കൊള്ളില്ല. അതിനാല്‍ ഫോണ്ടു് ഒഴിവാക്കുക.

സി-ഡാകിന്റെ ഐ.എസ്.എം ലോക്ക് ഉപയോഗിച്ചാണു് കേരളത്തിലെ ഒട്ടുമുക്കാലും ഡിടിപി സെന്ററുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചു് മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരുന്നതു്. അതേ ഫോണ്ടുകള്‍ ഡിസൈനില്‍ മാറ്റമൊന്നും വരുത്താതെ യൂണിക്കോഡ് ഫോണ്ടുകളാക്കി കണ്‍വേര്‍ട്ട് ചെയ്തതു് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സൌജന്യ ഡൌണ്‍ലോഡിനായി നല്‍കിയിട്ടുണ്ടു്. ജിസ്റ്റ് സീരീസില്‍ പെട്ട 50 ഫോണ്ടുകള്‍, ഇളങ്കോ സീരീസില്‍​പെട്ട 50 ഫോണ്ടുകള്‍, ഐ.എം.ആര്‍.സിയുടെ 50-ലേറെ ഫോണ്ടുകള്‍ എന്നിവയാണിവ. ML-*.ttf, ML-TT*.ttf തുടങ്ങിയ ഫോണ്ടുകള്‍ അതേപടി ML-OT*.ttf ആയി ലഭ്യമാക്കിയിരിക്കുന്നു. മൂന്നു് സിപ് ഫയലുകളിലായാണു് ഇത്രയും ഫോണ്ടുകള്‍ ക്രമീകരിച്ചിരിക്കുന്നതു്. ലിങ്കു് ഇവിടെ.

ടെക്നോളജി ഡെവലപ്.മെന്റ് ഫോര്‍ ഇന്ത്യന്‍ ലാങ്വേജസിന്റെ ജനമലയാളം ഫോണ്ട് ഈ സൈറ്റില്‍ ലഭ്യം.

തമിഴ് സോഫ്റ്റ് വെയറായ കമ്പനൊപ്പം ലഭിക്കുന്ന അക്ഷര്‍ യൂണിക്കോഡ് .

ഫ്രീസോഫ്റ്റ് വെയറുകാരുടെ ഹോസ്റ്റിംഗ് ഇടമായ സാവന്നയില്‍ ലഭ്യമായ ഫ്രീസെരീഫില്‍ പെട്ട ഫോണ്ടുകളിലേക്കുള്ള ലിങ്ക്. ഇവ ലിനക്സ് / യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് വേണ്ടിയാണു്.

ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്-വെയര്‍ കോണ്‍ട്രിബ്യൂഷന്‍ ഗ്രൂപ്പ് നല്‍കുന്ന കേളി.

ഹോമി ഭാഭ സെന്‍റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍, ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച് വികസിപ്പിച്ച സമ്യക്, സമ്യക് മലയാളം, സമ്യക് സാന്‍സ് മലയാളം എന്നീ ഫോണ്ടുകള്‍. ഇവയില്‍ സമ്യക് പ്രധാന ഇന്ത്യന്‍ ഭാഷകളെല്ലാം അടങ്ങുന്ന മള്‍ട്ടി ലിങ്വല്‍ ഫോണ്ടാണ്. മറ്റു രണ്ട് ഫോണ്ടുകളും മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ മാത്രം അടങ്ങുന്ന ബൈലിങ്വല്‍ ആണ്.

സണ്‍ മൈക്രോസിസ്റ്റത്തിന്റെ കോപ്പിറൈറ്റഡ് ഫോണ്ടുകളായ സരസ്വതി നോര്‍മല്‍, സരസ്വതി ബോള്‍ഡ് എന്നിവയുടെ ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല.

ആകൃതി അടക്കം 14 ഫോണ്ടുകളുടെ സംഘാതം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗുകാരുടെ വെബ് സൈറ്റില്‍ നിന്നും.

എല്‍മാര്‍ വികസിപ്പിച്ച ഇന്തോളജിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സ്വതന്ത്ര സോഫ്റ്റ്.വെയറായ ഇന്ദോലിപിയുടെ കൂടെ മലയാളം പുതിയ ലിപി, പഴയ ലിപി എന്നിവയ്ക്കായി രണ്ടു ഫോണ്ടുകള്‍ ലഭ്യമാണു്. ഡൌണ്‍ലോഡ് ലിങ്ക് മാറാന്‍ സാധ്യതയുള്ളതിനാലാണു് പേജ് ലിങ്ക് തരുന്നതു്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാകിന്റെ രഘുമലയാളം, രഘുമലയാളം ഷിപ്പ്ഡ് എന്നീ ഫോണ്ടുകള്‍ പ്രധാനമായും ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടി വികസിപ്പിച്ചവയാണു്. ഇവയില്‍ രഘുമലയാളത്തിന്റെ പുതിയ വേര്‍ഷന്റെ ലിങ്കു് മുകളില്‍ ഒരു ഖണ്ഡികയില്‍ നല്‍കിയിരുന്നു. അതാണു് ഉപയോഗിക്കേണ്ടതു്.

ജെറോണ്‍ ഹെല്ലിങ്മാന്റെ മെറ്റാ ഫോണ്ടിനെ ആസ്പദമാക്കി എന്‍. വി. ഷാജി വികസിപ്പിച്ച മലയാളം, മല്‍ഒടിഎഫ് എന്നീ ഫോണ്ടുകള്‍. ഇവ രണ്ടും ഒന്നു തന്നെയാണെന്ന് അനിവര്‍ അറിയിച്ചു. മുമ്പ് ഇതേസ്ഥാലത്ത് നല്‍കിയിരുന്ന ലിങ്ക് പഴയ വേര്‍ഷന്റേതായിരുന്നതിനാല്‍ ഇപ്പോള്‍ പുതുക്കിയിട്ടുണ്ട്.
മലയാളം റിസോഴ്സ് സെന്ററിന്റെ പാണിനി.

മിക്ക ലോക ഭാഷകളിലെ അക്ഷരങ്ങളും ഉള്‍ക്കൊള്ളിച്ച കോഡ് 2000 ലും അതിന്റെ പിന്‍ഗാമികളായി വന്ന സഹോദരഫോണ്ടുകളിലും പക്ഷെ മലയാള ഭാഷയ്ക്കുള്ള സപ്പോര്‍ട്ട് പൂര്‍ണ്ണമല്ല. താമസിയാതെ ഈ പങ്കാളിത്ത ഫോണ്ടിന്റെ (ഷെയര്‍ വെയറിന് അങ്ങനെ പറയാമോ?) സ്റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറങ്ങുമെന്നു് പ്രതീക്ഷിക്കാം.

മാക്‍ ഒഎസ് എക്സില്‍ മലയാളം വായിക്കാന്‍ അടുത്തകാലം വരെയും ക്സീനോടൈപ്പ് ടെക്‍നോളജീസില്‍ നിന്നു് പ്രൊപ്രൈറ്ററി സൊല്യൂഷന്‍ വാങ്ങണമായിരുന്നു. ലിങ്കു് ഇവിടെ. എന്നാല്‍ മലയാളം ബ്ലോഗിങ്ങിന്റെ തുടക്കകാലത്തു് കേരള ബ്ലോഗ് റോള്‍ നടത്തിയിരുന്ന എംപി മനോജും അനുജന്‍ എംപി വിനോദും ചേര്‍ന്നു് രചന അക്ഷരവേദിയുടെ രചന ഫോണ്ടില്‍ മാക്‍ ടേബിളുകള്‍ ചേര്‍ത്തു് സൌജന്യമായി ലഭ്യമാക്കിയിട്ടുണ്ടു്. ഇതുപയോഗിച്ചു് മക്കിന്റോഷ് മെഷീനുകളില്‍ മലയാളം യൂണിക്കോഡ് ഉള്ളടക്കം സുഗമമായി കാണാം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

പെരിങ്ങോടന്റെ സൈറ്റില്‍ കണ്ട ചാമുണ്ടി, ചൊവ്വര, കേരളൈറ്റ്, മനോരമ, മാറ്റ്.വെബ്, പേരു തിരിയാത്ത ഒരു ഫോണ്ട്, ശ്രീ, തൂലിക എന്നിവ ഒരുമിച്ച് സിപ്പ് ഫയലായി. ഈ പോസ്റ്റില്‍ യൂണിക്കോഡ് ഫോണ്ടുകളല്ലാതെ നല്‍കിയിട്ടുള്ളത് ഈ ബാച്ച് മാത്രമാണ്. വെബ്ബില്‍ ധാരാളമായി ഉപയോഗത്തിലിരിക്കുന്നവ എന്ന നിലയിലാണ് ആസ്കി ഗണത്തില്‍ പെട്ട ഇവയുടെ ലിങ്ക് നല്‍കുന്നത്.

ഇതില്‍ ഉള്‍-പ്പെടാത്ത മലയാളം യൂണിക്കോഡ് ഫോണ്ട് ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ലിങ്ക് കമന്റില്‍ നല്‍കാന്‍ അപേക്ഷ.

മലയാളം കണിപ്പൊരി സംബന്ധിച്ച് സംശയം ഉള്ള പക്ഷം വരമൊഴി സംഘത്തിന്റെ യാഹൂഗ്രൂപ്പ് സഹായത്തിനുണ്ട്. കൂടാതെ വിക്കിയയില്‍ ഒരു സമ്പൂര്‍ണ്ണ സഹായത്താള് ലഭ്യമാണ്. യൂണിക്കോഡ് ഫോണ്ടുകളുടെ ആധികാരികമായ റിസോഴ്സ് വേണമെന്നുള്ളവര്‍ക്ക് അലന്‍വുഡിന്റെ സൈറ്റ് സന്ദര്‍ശിക്കാം. വാസു ജപ്പാന്റെ ഗ്യാലറിയില്‍ മലയാളം യൂണിക്കോഡ് ഫോണ്ടുകളുടെ ശേഖരമുണ്ട്.

യൂണിക്കോഡില്‍ മലയാളമെഴുതാന്‍ വരമൊഴി പോലുള്ള ട്രാന്‍സ്ലിറ്ററേഷന്‍ മാത്രമേ ഉള്ളൂ എന്ന ഒരു ധാരണ നിലനില്‍ക്കുന്നു. ഇതു് ശരിയല്ല. ഇന്‍സ്ക്രിപ്റ്റ് അടക്കം വേറെ ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടു്. എനിക്കു് ഏറ്റവും സൌകര്യപ്രദമായി തോന്നിയതു് റാല്‍മിനോവ് വികസിപ്പിച്ച വിപുലീകരിച്ച ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണു്. യൂണിക്കോഡ് 5.0 പ്രകാരം zwj ഉപയോഗിച്ചാണു് ഈ കീബോര്‍ഡില്‍ ചില്ലക്ഷരം വാര്‍ന്നുവീഴുക. ഇതേ ലേ-ഔട്ടില്‍ യൂണിക്കോഡ് 5.1 പ്രകാരമുള്ള ആണവ ചില്ലു വേണമെന്നുള്ളവര്‍ക്കായി അതും നല്‍കിയിട്ടുണ്ടു്. ആണവചില്ല് പഴയ ചില്ലിനു സമമാണെന്നു് യൂണിക്കോഡ് പ്രസ്താവിച്ചിട്ടില്ലാത്തതിനാല്‍ അല്‍പ്പകാലത്തേക്കെങ്കിലും ഡേറ്റാ ഇന്‍കണ്‍സിസ്റ്റന്‍സി ഉണ്ടാവാന്‍ തരമുണ്ടു്. ഭാവി സ്റ്റാന്റേഡുകളില്‍ ഈ പ്രശ്നം പരിഹൃതമാകുമെന്നു് പ്രതീക്ഷിക്കാം. മലയാളം എന്തുകൊണ്ടു് മലയാളത്തില്‍ തന്നെയെഴുതണം എന്നു് ഇവിടെ വിശദീകരിച്ചിരിക്കുന്നു. മലയാളമെഴുതാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നു.

2 comments:

baokaase said...

chi titanium flat irons
All-in-one products are titanium block manufactured with the same 2018 ford ecosport titanium Tinted Precision titanium dental Steel Bar for the Sega Genesis. The Tinted Steel bar is compatible columbia titanium boots with Sega Genesis 바카라사이트 controllers.

Anonymous said...

Recommended Reading dildos,wholesale sex doll,dildos,real dolls,sex doll,dog dildo,horse dildo,horse dildo,horse dildo wikipedia reference